ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിരാട് കോഹ്ലി

മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിരാട് കോഹ്ലി. ഈ വര്‍ഷം 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഏറ്റവും കൂടുതല്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന താരമായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി. എട്ടാം തവണയാണ് കോഹ്ലി 1000 റണ്‍സ് നേടുന്നത്. ഇതോടെ ഏഴ് തവണ 1000 റണ്‍സ് നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് സച്ചിനെ തന്നെ സാക്ഷിയാക്കി കോഹ്ലി വാംഖഡെയില്‍ പഴങ്കഥയാക്കിയത്.

ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച നിലയില്‍ മുന്നേറുകയാണ്. രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (4) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊരുമിച്ച ശുഭ്മാന്‍ ഗില്‍- വിരാട് കോഹ്ലി സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സിന് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ്. ഇരുവരുടെയും അര്‍ധസെഞ്ച്വറിത്തിളക്കത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടുകയാണ്. 92 റണ്‍സ് നേടി ഗില്ലും 88 റണ്‍സ് നേടി കോഹ്ലിയും പുറത്തായി. ഇന്ത്യന്‍ സ്‌കോര്‍ 193ലെത്തിയപ്പോഴാണ് രണ്ടാം വിക്കറ്റില്‍ ഗില്‍ പുറത്തായത്. നിലവില്‍ 308 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ.

ഏഷ്യയില്‍ അതിവേഗം 8000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡിലും കോഹ്ലി സച്ചിനെ മറികടന്നു. 188 ഇന്നിങ്സില്‍ നിന്നാണ് സച്ചിന്‍ 8000 റണ്‍സിലേക്കെത്തിയത്. എന്നാല്‍ 159 ഇന്നിങ്സില്‍ നിന്ന് കോലി ഈ നേട്ടം കൈവരിച്ചു. എന്നാല്‍ 94 പന്തില്‍ 88 റണ്‍സെടുത്ത് പുറത്തായതിനാല്‍ സച്ചിന്റെ 49 ഏകദിന സെഞ്ചുറിയെന്ന ലോക റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള കോഹ്ലിയുടെ ശ്രമം പൂര്‍ത്തിയാക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *