തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഗാനമേളയെച്ചൊല്ലി വേദിയില്‍ കൂട്ടത്തല്ല്. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാരെയും സംഘം ആക്രമിച്ചു. ബാലരാമപുരം പെരിങ്ങമ്മലയിലെ സിഎസ്ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തില്‍ ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകള്‍ ഡാന്‍സ് കളിച്ചു. ഇതിനെ ഒരു വിഭാഗം എതിര്‍ത്തു. ഇതോടെ വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവര്‍ ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്ബ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല എന്നും പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.