വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് രക്ഷകനായി യുവ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ.

പനത്തടി : റാണിപുരത്ത് ഇരുചക്രവാഹനം അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി കിടന്ന യുവാവിന് രക്ഷകനായി പാണത്തൂരിലെ യുവ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ.ഇന്ന് ഉച്ചക്ക് 12.30 മണിയോടു കൂടിയാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുകയായിരുന്ന കാസറഗോഡ് സ്വദേശി യുടെ ഇരുചക്രവാഹനം റാണിപുരം ഒലിവ് റിസോട്ടിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽ പെട്ടത്.ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം റോഡരികിൽ റാണിപുരം പള്ളി നിർമ്മിച്ച ഇരുമ്പ് വേലിയിൽ ഇടിച്ച് പതിനഞ്ചോളം അടി താഴേയ്ക്ക് വീഴുകയായിരുന്നു.ഇടിയുടേയും, വീഴ്ചയുടേയും ആഘാതത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ അവിടെയെത്തിയ ആരും തന്നെ ആശുപത്രിയിൽ എത്തിക്കുവാൻ തയ്യാറായില്ല. ഈ അവസരത്തിലാണ് അവിടെ എത്തിയ യുവസംവിധായകൻ വിജേഷ് പാണത്തൂർ ഉടൻ തന്നെ തൻ്റെ കൂടെ ഉണ്ടായിരുന്ന അമ്മാവൻ ഗോവിന്ദൻ്റെ സഹായത്തോടു കൂടി പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാനായി തൻ്റെ കാറിൽ കയറ്റിയത്. യാത്രാമദ്ധ്യേ കുണ്ടുപ്പള്ളിയിൽ വച്ച് യുവാവിനെ ആംബുലൻസിൽ കയറ്റി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് പ്രാഥമിക ചികിൽസ നൽകി വിദഗ്ദ ചികിൽസയ്ക്കായി യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

നിരന്തരം അപകടം നടക്കുന്ന ഒരു മേഖലയിലാണ് ഇന്നും ഈ അപകടം നടന്നത്.അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനോ, രക്ഷാപ്രവർത്തനം നടത്തുന്നതിനോ സമീപ പ്രദേശങ്ങളിലെ റിസോട്ട് ഉടമകൾ ഉൾപ്പെടെയുള്ള ആളുകൾ ശ്രദ്ധിക്കുന്നില്ല എന്നൊരു പരാതിയുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇവിടെ വച്ച് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവതികളെ പൂടംകല്ലിൽ നിന്ന് ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അടുത്ത കാലത്ത് റിലീസ് ആയ ജനപ്രിയ സിനിമ നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ സംവിധായകനാണ് വിജേഷ് പാണത്തൂർ.

Leave a Reply

Your email address will not be published. Required fields are marked *