നവകേരള സദസ്സിലെ വന്‍ സ്ത്രീപങ്കാളിത്തം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണനക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സിന്റെ ഉദ്ഘാടന വേളയില്‍ സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമായിരുന്നെന്നും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം ആണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് നവകേരള സദസ്സിന്റെ രണ്ടാം ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതുമുതല്‍ സ്വീകരിക്കുന്നത്. ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവിന്റെ സ്ഥാനത്തു നിന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പഴുതടച്ച അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അഭിനന്ദനം അര്‍ഹിക്കുന്നു.

30 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തികരിച്ചു. മുപ്പത്തിയഞ്ചാമത്തെ ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ക്രൂരതയ്ക്കിരയായ കുഞ്ഞിന്റെ കുടുംബത്തിന്റെ എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും നമ്മുടെ സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഈ സമീപനത്തിലുള്ള വിശ്വാസമാണ് മഞ്ചേശ്വരം പൈവെളിഗെയിലെ അസാധാരണമായ വനിതാ പ്രാതിനിധ്യത്തിലൂടെ വ്യക്തമായത്. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ജനസഞ്ചയം വരും നാളുകളില്‍ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ്. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഞങ്ങള്‍ ഉണ്ട് എന്ന പ്രഖ്യാപനത്തിന്റെ ആവര്‍ത്തനം കൂടിയാണ് ശനിയാഴ്ച നടന്ന ഉദ്ഘാടന പരിപാടി.

കേരളം കൈവരിച്ച സമഗ്രവികസനത്തിന്റേയും സര്‍വ്വതലസ്പര്‍ശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ഇത്. മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്റെ ധര്‍മ്മം. വരും ദിവസങ്ങളില്‍ യാത്രയുടെ ഭാഗമായി അത് കൂടുതല്‍ വ്യക്തമാകും.

ആദ്യദിവസം 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ സജ്ജീകരിച്ച ഡെസ്‌കില്‍ ലഭിച്ചത്. ഇവ വേര്‍തിരിച്ച് പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 21 പദ്ധതികളില്‍ ആയാണ് പുരോഗമിക്കുന്നത്. കഴക്കൂട്ടം എലവെറ്റഡ് ഹൈവേ, നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, കോവളം മുതല്‍ തമിഴ്‌നാട് അതിര്‍ത്തി വരെ ഉള്ള പാത എന്നിവ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. തലശ്ശേരി മാഹി ബൈപാസ് അന്തിമ ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. മറ്റെല്ലാ റീച്ചുകളിലും പ്രവൃത്തി പുരോഗമിക്കുകയാണ്. മറ്റ് തടസങ്ങള്‍ ഇല്ലെങ്കില്‍ 2025 ഓടെ ദേശീയപാത-66 ആറു വരി പാത യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, വി.എന്‍ വാസവന്‍, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, ജി.ആര്‍ അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *