പാലക്കുന്ന് : മലയാള ഭാഷയുടെ ആവിര്‍ഭാവം തുളു ഭാഷയില്‍ നിന്നാണെന്നും നിലവിലെ രാഷ്ടീയ സാഹചര്യങ്ങളില്‍ നമ്മുടെ ദ്രാവിഡ ഭാഷാ പൈതൃകം സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഡോ. എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച വിവര്‍ത്തന ഗ്രന്ഥകര്‍ത്താവിനുള്ള അവാര്‍ഡിനര്‍ഹനായ നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് ചെയര്‍മാനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബഹുഭാഷാ പഠന കേന്ദ്രം ഡയറക്ടറുമായ അദ്ദേഹം കഥകളി ട്രസ്റ്റിന്റെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. പനയാല്‍ നാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ പൊന്നാടയും പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി. ബാലകൃഷ്ണന്‍, മുന്‍ ഡിവൈഎസ്പി ദാമോദരന്‍, ഭാസ്‌കരന്‍ ഉദുമ, സെക്രട്ടറി ഉദയഭാനു, ട്രഷറര്‍ വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.