സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി നിലവില്‍ വന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)റോഡുകളും പാലങ്ങളും വിഭാഗം മുഖേന നിലവില്‍ ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് 543 കോടി രൂപയുടെ 13 പദ്ധതികള്‍. ഇതില്‍ മലയോര ഹൈവേ ഉള്‍പ്പെടെ 166 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ പണികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. 83.85 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച മഞ്ചേശ്വരം കാസര്‍കോട് ഉദുമ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ചേവാര്‍ എടപ്പറമ്പ മലയോര ഹൈവേ, 45.58 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കാസര്‍കോട് നിയോജകമണ്ഡലത്തിലെ ബദിയടുക്ക-ഏത്തടുക്കാ-സുല പടവ് റോഡ്, 18.3 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉദുമ നിയോജകമണ്ഡലത്തിലെ ചൊട്ടാ പാലം, 14.72 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ രാമന്‍ചിറ പാലം, 3.77 കോടി ചെലവിട്ട് നിര്‍മാണം കഴിഞ്ഞ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഭീമനടി- കാലിക്കടവ് പാലം എന്നിവയാണ് പൂര്‍ത്തീകരിക്കപ്പെട്ട് ഉദ്ഘാടനത്തിനൊരുങ്ങിയ പദ്ധതികള്‍.
ഇതിന് പുറമെ 53 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കിളിയാലം-വരാഞ്ചുര്‍ റോഡും കിളിയാലം പാലവും ഉദ്ഘാടനം നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. കൂടാതെ 324 കോടി രൂപയിലേറെ വകയിരുത്തി പ്രവൃത്തി ആരംഭിച്ച ആറ് പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍- ചീമേനി ഐ ടി പാര്‍ക്ക്-പാലാവയല്‍-ഭീമനടി-മൂക്കട റോഡും കോളിച്ചാല്‍- ചെറുപുഴ റോഡും കച്ചേരിക്കടവ് പാലവും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഹോസ്ദുര്‍ഗ് -പാണത്തൂര്‍ റോഡ്, പാലം ഉള്‍പ്പെടെയുള്ള പടന്നക്കാട് മേല്‍പ്പാലം-വെള്ളരിക്കുണ്ട് റോഡ് എന്നിവയാണ് കിഫ്ബിയുടെ റോഡുകളും പാലങ്ങളും വിഭാഗത്തിന്റെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ വലിയപറമ്പ പാലം ടെന്‍ഡറിങ് നടപടികള്‍ തുടരുന്നു.