പാരമ്പര്യത്തിന്റെ നൂലിഴയില്‍ ലോകശ്രദ്ധ നേടി കാസര്‍ഗോഡ് സാരീസ്

ഒരു ദിവസം പോലും അവധി എടുക്കാതെ ഈട വരാനാണ് ഞങ്ങക്ക് ഇഷ്ടം. 30 വര്‍ഷായി ഞാന്‍ ഈട പണി എടുക്കാന്‍ തുടങ്ങീറ്റ്. രാവിലെ എട്ടരക്ക് വന്നിറ്റ് അഞ്ചര മണിക്ക് പോകും. ഞങ്ങക്ക് ഈട നല്ല സന്തോഷാണ്. ‘കാസര്‍കോടിന്റെ അതിരുകള്‍ കടന്ന് ലോക ശ്രദ്ധ നേടുന്ന ‘കാസര്‍ഗോഡ് സാരീസിലെ ‘ നെയ്ത്ത് തൊഴിലാളി രാധയുടെ വാക്കുകളില്‍ സന്തോഷവും അഭിമാനവും.

ജില്ലയിലെ കൈത്തറി മേഖലയിലെ പാരമ്പര്യം സംരക്ഷിക്കുകയും നെയ്ത്തുകാരുടെ സാമൂഹ്യസാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കാസര്‍ഗോഡ് വീവേഴ്‌സ് കോ ഓപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍സ് ലിമിറ്റഡ് 1938-ല്‍ സ്ഥാപിതമായ സഹകരണസംഘം പരമ്പരാഗത കാസര്‍ഗോഡ് സാരീസിന്റെ ഉല്‍പാദനവും വിപണനവും ഏകോപിപ്പിച്ച് കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നു. ശുദ്ധമായ കോട്ടണ്‍ നൂലുകള്‍ ഉപയോഗിച്ച് കൈകൊണ്ട് നെയ്തെടുക്കുന്ന സാരികളാണ് സംഘത്തിന്റെ പ്രധാന ഉല്‍പ്പന്നം. ലളിതമായ വരകളോടുകൂടിയ ബോര്‍ഡറുകളും കരാവളി ശൈലിയുടെ സ്വാധീനവും കാസര്‍ഗോഡ് സാരികളുടെ പ്രത്യേകതയാണ്. മികച്ച ഗുണമേന്മയും ദീര്‍ഘകാല ഉപയോഗക്ഷമതയും സാരികള്‍ക്ക് വിപണിയില്‍ സ്ഥിരമായ സ്വീകാര്യത ഉറപ്പാക്കുന്നു.

”കാസര്‍ഗോഡ് സാരി”യ്ക്ക് ലഭിച്ച ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (GI) അംഗീകാരം ഉല്‍പ്പന്നത്തിന്റെ പ്രാദേശിക സവിശേഷതയും യഥാര്‍ത്ഥതയും ഉറപ്പുനല്‍കുന്നു. ഇത് വ്യാജ ഉല്‍പ്പന്നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനൊപ്പം നെയ്ത്തുകാരുടെ അധ്വാനത്തിന് യഥാര്‍ത്ഥ മൂല്യവും ഉറപ്പാക്കുന്നു. ജില്ലയിലെ സാലിയ വിഭാഗത്തിന്റെ പാരമ്പര്യ കുലത്തൊഴിലായ നെയ്ത്ത് ഇന്നും പുതുതലമുറയുടെ സജീവ പങ്കാളിത്തത്തോടെ തുടരുകയാണ്. വനിതാ നെയ്ത്തുകാരുടെ സാന്നിധ്യം മേഖലയിലെ പ്രധാന ശക്തിയാണ്. പരിശീലന പരിപാടികളും വിപണന സൗകര്യങ്ങളും ഒരുക്കി യുവതലമുറയെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുന്ന ശ്രമങ്ങളും തുടരുന്നു.

പ്രദര്‍ശനങ്ങള്‍, മേളകള്‍, ഓണ്‍ലൈന്‍ വിപണന സംവിധാനങ്ങള്‍ എന്നിവ വഴി കാസര്‍ഗോഡ് സാരീസിന്റെ വിപണി വ്യാപിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കൈത്തറി മേഖലയിലെ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പാരമ്പര്യം സംരക്ഷിച്ച് നെയ്ത്തുകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പാരമ്പര്യവും ഗുണമേന്മയും ചേര്‍ന്ന കാസര്‍ഗോഡ് സാരികള്‍, ജില്ലയിലെ സാംസ്‌കാരിക ഐഡന്റിറ്റിയുടെ അഭിമാനചിഹ്നമായി രാജ്യാന്തര തലത്തിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ജില്ലാ ഭരണ സംവിധാനം കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ഓഫീസറെ നിയമിച്ചിട്ടുണ്ട്. കാസര്‍കോട് ഡെവലപ്മെന്റ് പാക്കേജില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഭാവിയില്‍ അവ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുകാരും ബന്ധപ്പെട്ടവരും. ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൈത്തറി ഉത്പ്പന്നങ്ങളുടെ പ്രചാരവും വിപണനവും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ടൂറിസംകൈത്തറി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ വഴി കാസര്‍ഗോഡ് സാരീസിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. കൈത്തറി മേഖലയിലെ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പാരമ്പര്യം സംരക്ഷിച്ച് നെയ്ത്തുകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുണ്ടെന്നും കാസര്‍കോട് സാരീസ് പ്രതിനിധി കെ.ലോകനാഥ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *