സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നും ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടു വരെ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വൈദ്യുതി അപകടങ്ങളില്‍ ഒരു ജീവന്‍പോലും പൊലിയരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഓരോ വകുപ്പും പ്രവര്‍ത്തിക്കണമെന്നു മന്ത്രി പറഞ്ഞു. ഓരോ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി സുരക്ഷയ്ക്കായി പ്രത്യേക ഇടപെടലുകള്‍ നടത്താനുള്ള കൂട്ടായ ശ്രമം ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തണം. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ വിപുലവും വ്യാപകവുമായി ഏര്‍പ്പെടുത്തണം. വൈദ്യുതി സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ തലത്തില്‍ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും ചിത്രരചനാ മത്സരത്തിലും വിജയികളായവര്‍ക്കു മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വൈദ്യുതി അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനു പരിശ്രമം നടത്തിയിട്ടുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജില്ലാ ഓഫിസ്, കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷന്‍ സര്‍ക്കിള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ഏകോപനത്തോടെ വ്യാപാര സമുച്ചയങ്ങളില്‍ നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്ററുമായി സഹകരിച്ചു നടത്തുന്ന വൈദ്യുതി സുരക്ഷാ ഓഡിറ്റ് ധാരണാപത്രത്തിന്റെ കൈമാറ്റം ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റണി രാജു എം.എല്‍.എ. നിര്‍വഹിച്ചു.തിരുവനന്തപുരം സത്യന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ അനെര്‍ട്ട് സി.ഇ.ഒ. നരേന്ദ്രനാഥ് വെലൂരി, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി. വിനോദ്, കെ.എസ്.ഇ.ബി. സേഫ്റ്റി ഡയറക്ടര്‍ പി. സുരേന്ദ്ര, ഇ.എം.സി. ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, കെ.എസ്.ഇ.ബി. ചീഫ് സേഫ്റ്റി കമ്മിഷണര്‍ കെ. ശാന്തി, അഡിഷണല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.