അന്തരിച്ച പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ സംസ്‌കാരം നാളെ വൈകിട്ട് നാലിന് ബന്നാര്‍ഘട്ടയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘നേച്ചര്‍’ കോണ്‍ഫിഡന്റ് കാസ്‌കേഡില്‍ നടക്കും. തന്റെ സംസ്‌കാരം ബന്നാര്‍ഘട്ടയില്‍ തന്നെ വേണമെന്നത് റോയിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിനിമാ-വ്യവസായ ലോകത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
അതേസമയം, സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കില്‍ നിന്നാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തതെന്നും അതുകൊണ്ട് തന്നെ വെടിയൊച്ച പുറത്ത് കേട്ടില്ലെന്നുമാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. റോയിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്ന പോലീസ്, മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം ആരെങ്കിലുമായി സംസാരിച്ചിരുന്നോ എന്നും അന്വേഷിച്ചു വരികയാണ്.