കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ശശി തരൂര്‍ എംപി. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ഈ സുപ്രധാന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വെറും സാങ്കല്‍പ്പികം മാത്രമാണെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. വിവാദങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും പിന്നാലെ നടന്ന ചര്‍ച്ചയായതിനാല്‍ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ ഇതിനെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കൂടിക്കാഴ്ച നടന്ന മുറിയില്‍ തങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരും മാധ്യമങ്ങളോട് ഇത്ര വിശദമായി സംസാരിച്ചിട്ടില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ അവഗണനയെക്കുറിച്ച് പരാതിപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്. തന്റെ അഭിപ്രായങ്ങള്‍ നേതാക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമായ പത്രപ്രവര്‍ത്തനമാണെന്നും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് ഇത് ചീത്തപ്പേരുണ്ടാക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി തന്റെ നേതാവാണെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഖാര്‍ഗെയ്ക്കും രാഹുലിനുമൊപ്പമുള്ള ചിത്രം അദ്ദേഹം തന്നെയാണ് ആദ്യം പങ്കുവെച്ചതും. എന്നാല്‍ ഇതിന് പിന്നാലെ ചര്‍ച്ചയിലെ വിഷയങ്ങള്‍ എന്ന പേരില്‍ വന്ന വാര്‍ത്തകള്‍ തരൂരിനെ ചൊടിപ്പിച്ചു. ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ ശക്തമായി അപലപിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.