പരിമിതികളെ തോല്‍പ്പിച്ച പ്രതിഭകള്‍ക്ക് ആദരം; വിദ്യാനഗര്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ‘അനുമോദന സദസ്സ് സംഘടിപ്പിച്ചു

ശാരീരിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് പഠന-കലാ-കായിക രംഗങ്ങളില്‍ വിജയക്കൊടി പാറിച്ച വിദ്യാനഗര്‍ ഗവ. കാഴ്ചപരിമിതരുടെ വിദ്യാലയത്തിലെ പ്രതിഭകള്‍ക്കായി ‘അനുമോദന സദസ്സ് 2026’ സംഘടിപ്പിച്ചു. 2025-26 അക്കാദമിക വര്‍ഷത്തില്‍ സ്‌കൂളിന്റെ അഭിമാനം വാനോളമുയര്‍ത്തിയ മിടുക്കരെ ആദരിക്കാനാണ് ഈ സ്‌നേഹസദസ്സ് ഒരുക്കിയത്. അനുമോദന സദസ്സിന്റെയും സ്‌കൂളിലെ സാഹിത്യ സമാജം സമാപനത്തിന്റെയും ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ നിര്‍വഹിച്ചു. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറുന്ന ഈ കുട്ടികളുടെ നേട്ടങ്ങള്‍ സമൂഹത്തിന് വലിയൊരു പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക .കെ. ഓമന അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് ഫൈസല്‍, സ്റ്റാഫ് സെക്രട്ടറി പി. നാരായണന്‍, സംഗീത അധ്യാപകന്‍ ടി.പി. സോമശേഖരന്‍, ഉപകരണ സംഗീത അധ്യാപകന്‍ എം. ഉമേശന്‍, ബ്രെയില്‍ അധ്യാപിക ടി.വി. ഉഷ, സാഹിത്യ സമാജം കണ്‍വീനര്‍ ഫാത്തിമ റഷീദ, ഭാഷാ ക്ലബ്ബ് കണ്‍വീനര്‍ അശ്വതി, സ്‌കൂള്‍ ലീഡര്‍ അബ്ദുല്ലാഹി മുഹമ്മദ് വഫ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് (SRG) കണ്‍വീനര്‍ എം. രാജേഷ് ബാബു സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ. എസ്. ഷംസാദ് നന്ദിയും പറഞ്ഞു . വിദ്യാര്‍ത്ഥികളുടെ മനോഹരമായ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *