ഡല്‍ഹി: വര്‍ധിച്ചുവരുന്ന വായുമലിനീകരണം തടയുന്നതിനായി ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ഇളവ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ബി.എസ്-6 നിലവാരമില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ നവംബര്‍ 1 മുതല്‍ ജനുവരി 31 വരെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ജസ്റ്റിസ് അമിത് മഹാജന്‍ അധ്യക്ഷനായ ബെഞ്ചാണ് ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ ഹര്‍ജിയില്‍ ഉത്തരവിട്ടത്.
കോടതി പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് വരുന്ന അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സൗജന്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഐ.ഡി കാര്‍ഡ്, വാഹന രേഖകള്‍, സാധുവായ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണമെന്ന് കോടതി വ്യക്തമാക്കി. ഒരു അഭിഭാഷകന് ഒരു വാഹനത്തിന് മാത്രമായിരിക്കും ഈ ഇളവ്. സാധാരണക്കാര്‍ക്ക് ഈ ഇളവ് ബാധകമല്ല. നോയിഡ, ഗുരുഗ്രാം തുടങ്ങിയ എന്‍.സി.ആര്‍ മേഖലകളില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്ന അഭിഭാഷകരെ അതിര്‍ത്തിയില്‍ തടയുന്നത് കോടതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.