സംസ്ഥാനത്തേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൊച്ചി നഗരമാണെന്ന് വിനോദസഞ്ചാര വകുപ്പ്. അതേസമയം, ആഭ്യന്തര സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരം മൂന്നാറാണ്. വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2021-ല്‍ 60,487 വിദേശ സഞ്ചാരികള്‍ മാത്രം കേരളത്തിലെത്തിയ സ്ഥാനത്ത് 2025-ല്‍ ഇത് 8,21,999 ആയി ഉയര്‍ന്നു. വിദേശികള്‍ കൂടുതലായി കൊച്ചിയാണ് സന്ദര്‍ശിച്ചത്. കൊച്ചിക്ക് പുറമേ തേക്കടി, തിരുവനന്തപുരം, മൂന്നാര്‍, കുമരകം, കോവളം, ആലപ്പുഴ, ഫോര്‍ട്ട്‌കൊച്ചി, കോഴിക്കോട്, മരട്, കുട്ടനാട്, വര്‍ക്കല, ഗുരുവായൂര്‍, ചൊവ്വര, കൊല്ലം എന്നിവയാണ് വിദേശ സഞ്ചാരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ട മറ്റ് കേന്ദ്രങ്ങള്‍.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടായി. 2021-ല്‍ 75.37 ലക്ഷമായിരുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2025-ല്‍ 2.50 കോടിയായി ഉയര്‍ന്നു. ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിയത് മൂന്നാറിലാണ്.
സഞ്ചാരികള്‍ കൂടുതലെത്തിയ 15 പ്രധാന സ്ഥലങ്ങളുടെ പട്ടികയും ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാര്‍ കഴിഞ്ഞാല്‍ കൊച്ചി നഗരം, തിരുവനന്തപുരം നഗരം, ഗുരുവായൂര്‍, കോഴിക്കോട് നഗരം, തേക്കടി, വര്‍ക്കല, കോവളം, വയനാട്, ആലപ്പുഴ, പൂക്കോട് തടാകം-വൈത്തിരി, കുമരകം, ഇരിങ്ങല്‍-കോട്ടയ്ക്കല്‍, പറശ്ശിനിക്കടവ്, വാഗമണ്‍ എന്നിവയാണ് ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങള്‍.
ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തിയ വന്‍ നിക്ഷേപമാണ് ഈ നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദേശീയ-അന്തര്‍ദേശീയ തലത്തിലെ പ്രചാരണങ്ങള്‍ക്കായി മാത്രം 343.72 കോടി രൂപ ചെലവഴിച്ചു. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, സിനിമ, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രചാരണം നടത്തിയത്.