കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ആത്മഹത്യയില്‍ തങ്ങള്‍ക്കുമേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ രംഗത്തെത്തി. റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ടു മാസമായി നടന്നുവരുന്ന നിയമപരമായ പരിശോധനകളുടെ തുടര്‍ച്ച മാത്രമാണ് കഴിഞ്ഞദിവസം ഉണ്ടായതെന്നുമാണ് വകുപ്പിന്റെ വിശദീകരണം. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ഐ.ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ആദായനികുതി വകുപ്പിന്റെ നടപടികളില്‍ സി.ജെ. റോയി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
ബെംഗളൂരുവിലെ ഗ്രൂപ്പ് ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് സി.ജെ. റോയി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതികളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉദ്യോഗസ്ഥര്‍ വ്യാപകമായ പരിശോധന നടത്തിവരികയായിരുന്നു. പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരന്റെ അപ്രതീക്ഷിത വിയോഗം വ്യവസായ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.