മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനില്‍ നിന്ന് ചാടി; പരിക്കേറ്റ യുവാവ് പിടിയില്‍

കോഴിക്കോട്: സ്വര്‍ണ്ണമെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമ്മദിനെയാണ് (28) കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റ പ്രതി, ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുടുങ്ങിയത്.

കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന്‍ വിടുന്നതിനിടെയാണ് പ്രതി യാത്രക്കാരിയുടെ മാല കവര്‍ന്ന് പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ പരിക്കേറ്റ ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാരോടും തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മാലയുമായി ചാടിയ പ്രതിക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി റെയില്‍വേ പോലീസും ആര്‍പിഎഫും അടുത്തുള്ള ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് ഷഹജാസ് കുടുങ്ങിയത്. പ്രതി കവര്‍ന്നത് മുക്കുപണ്ടമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *