കാഞ്ഞങ്ങാട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുമുള്ള സന്ദേശം പ്രമേയമായി ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി, സ്വര്‍ഗതുല്യമായിരുന്ന ജീവിതത്തെ ഇരുളിലാഴ്ത്തുന്നതും അവിടെ പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. കാസര്‍കോടിന്റെ പല മേഖലകളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.
സ്വാന്‍ മീഡിയ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഫാദര്‍ ചാക്കോ കുടിപറമ്പിലിന്റെതാണ്. തിരക്കഥ പദ്മനാഭന്‍ ബ്ലാത്തൂരും സംവിധാനം ഉദയന്‍ കുണ്ടംകുഴിയും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബാലകൃഷ്ണന്‍ പാലക്കിയും ചമയം ജനന്‍ കാഞ്ഞങ്ങാടുമാണ്. ചിത്രത്തില്‍ ഫാദര്‍ ചാക്കോ കുടിപറമ്പില്‍, സനല്‍ പാടിക്കാനം, ഡോണാ മരിയ, ബാലാമണി അന്നൂര്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ എത്തുന്നു. കൂടാതെ മറ്റ് നിരവധി പേരും കഥാപാത്രങ്ങള്‍ ആകുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് ചിത്രം യൂട്യൂബിലൂടെ സമൂഹത്തിന് മുന്നിലെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.