കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ ഡ്യൂട്ടീസും റെസ്‌പോണ്‍സിബിലിറ്റീസും സംബന്ധിച്ച പുതിയ ഉത്തരവിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ അസോസിയേഷന്‍ (KGMOA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ആശുപത്രികളില്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ യൂണിറ്റ് കണ്‍വീനര്‍ ഡോ. ആശയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ യൂണിറ്റ് കണ്‍വീനര്‍ ഡോ. അഭിജിത്ത് ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സമിതി അംഗം ഡോ. അരുണ്‍റാം പുതിയ ഉത്തരവ് കത്തിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പനത്തടി താലൂക്ക് ആശുപത്രിയില്‍ ജില്ലാ പ്രസിഡന്റ് ഡോ. ഷിന്‍സി, സെക്രട്ടറി ഡോ. ശ്രുതി എന്നിവര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. നീലേശ്വരം ബ്ലോക്ക്, മംഗല്‍പാടി ബ്ലോക്ക് തുടങ്ങിയ വിവിധ ആശുപത്രികളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
പുതിയ ഉത്തരവ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലി ഭാരം അന്യായമായി വര്‍ധിപ്പിക്കുന്നതും നിലവിലുള്ള സേവന സാഹചര്യങ്ങള്‍ പരിഗണിക്കാത്തതുമാണെന്ന് സംഘടന ആരോപിച്ചു. ഇതിനുമുമ്പ് തയ്യാറാക്കിയ ഡ്രാഫ്റ്റില്‍ ഉണ്ടായിരുന്ന പല നിര്‍ണായക നിര്‍ദേശങ്ങളും ഒഴിവാക്കി, ഡോക്ടര്‍മാരുടെ അഭിപ്രായം തേടാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്നും കെജിഎംഒഎ ആരോപിച്ചു.
രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ മാനവവിഭവശേഷിയും ഉറപ്പാക്കാതെ ഡോക്ടര്‍മാരുടെ മേല്‍ അധിക ചുമതലകള്‍ ചുമത്തുന്നത് ആരോഗ്യ സംവിധാനത്തെ തന്നെ ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ഡോക്ടര്‍മാരുടെ യുക്തിസഹമായ ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാതെ തികച്ചും ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ ഈ ഉത്തരവ് ഉടന്‍ പിന്‍വലിച്ച് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കണമെന്ന് കെജിഎംഒഎ കാസര്‍ഗോഡ് ജില്ലാ ഘടകം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ സമര പരിപാടികള്‍ക്ക് സംഘടന നിര്‍ബന്ധിതരാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും ഡോക്ടര്‍മാരുടെ ജോലിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തോടെ നടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.