കോഴിക്കോട് ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി പരത്തി ജില്ലാ ജഡ്ജിയുടെ ഓഫീസിലേക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. തിങ്കളാഴ്ച രാവിലെ ‘അലക്സ് പോള്‍ മേനോന്‍’ എന്ന വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. നിരപരാധികള്‍ക്ക് നീതി ലഭിക്കാത്ത കോടതികള്‍ കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച സന്ദേശത്തില്‍, ജഡ്ജിയുടെ ചേമ്പറില്‍ 15 സയനൈഡ് വാതകം നിറച്ച വിഷ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് സ്‌ഫോടനം നടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കേവലം ഭീഷണിയല്ലെന്നും റിസ്‌ക് എടുക്കരുതെന്നും ഇമെയിലില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു.
സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കോടതി ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസും ബോംബ്-ഡോഗ് സ്‌ക്വാഡുകളും സ്ഥലത്തെത്തി കര്‍ശന പരിശോധന നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട വിശദമായ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ്, ഇമെയിലിന്റെ ഉറവിടം കണ്ടെത്താനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.