കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ്. ചിറ്റൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും കേസ് ഒരു തരത്തിലും അട്ടിമറിക്കപ്പെടില്ലെന്നും വ്യക്തമാക്കി. സംഭവത്തില്‍ കമ്മിഷണറെ സ്ഥലംമാറ്റിയതും പ്രതികളെ സഹായിച്ചുവെന്ന് ആരോപിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതും നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു. കോടതിയില്‍ സമര്‍ഥരായ പ്രോസിക്യൂട്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ഭാര്യ ബിന്ദുവിനെയും മക്കളായ ഭരത്ശങ്കര്‍, ഭദ്രകീര്‍ത്തി, ഭാഗ്യദര്‍ശന്‍ എന്നിവരെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അന്വേഷണത്തില്‍ കുടുംബത്തിനുള്ള ആശങ്കകള്‍ വിശദീകരിച്ചുകൊണ്ടുള്ള നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡന്‍ എം.പി., ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടം നടന്ന് രണ്ടുമണിക്കൂറിന് ശേഷമാണ് വിവരം അറിയിച്ചതെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം കാണിച്ചുതന്നില്ലെന്നും കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ ഇതുവരെ കാണിച്ചിട്ടില്ലെന്നും കേസിലെ രേഖകള്‍ കൈമാറുന്നതില്‍ പോലീസ് കാലതാമസം വരുത്തിയെന്നും ഭാര്യ ബിന്ദു മുഖ്യമന്ത്രിയെ അറിയിച്ചു. പതിനേഴുകാരന്‍ ഓടിച്ച കാറിന് പിന്നാലെ ജഡ്ജിയും ഭാര്യയും സുഹൃത്തും മറ്റൊരു കാറിലുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
അതേസമയം, കേസിലെ അഭിഭാഷകനെ മാറ്റിയെന്ന വാര്‍ത്തകള്‍ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി നിഷേധിച്ചു. അഡ്വ. എം.ജി. ശ്രീജിത്ത് തന്നെയാണ് കുടുംബത്തിന്റെ അഭിഭാഷകനെന്നും വക്കാലത്ത് താനാണ് ഒപ്പിട്ടുനല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. ഭീഷണിയോ നിര്‍ബന്ധമോ ഉണ്ടായിട്ടില്ലെന്നും അച്ഛനുമായി അടുത്ത ബന്ധമുണ്ടായിരുന്ന അഭിഭാഷകനെ കുടുംബം തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും ഭദ്ര പറഞ്ഞു. നിലവില്‍ അഭിഭാഷകനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു