പുതുവൈപ്പ് കോമത്ത് വീട്ടില്‍ ഡോളര്‍മാന്‍ കോമത്തിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച (ഒക്ടോബര്‍ 30) ഉച്ചയോടെ അറസ്റ്റ് ചെയ്തത്
വൈപ്പിന്‍: ഗാര്‍ഹിക പീഡന കേസില്‍ വക്കാലത്തെടുത്തതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.ഐ പുതുവൈപ്പ് ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍. പുതുവൈപ്പ് കോമത്ത് വീട്ടില്‍ ഡോളര്‍മാന്‍ കോമത്തിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച (ഒക്ടോബര്‍ 30) ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുരുക്കുംപാടം തോട്ടുങ്കല്‍പറമ്പില്‍ മോഹന്‍ദാസിന് (80) ബന്ധുക്കളായ രണ്ടുപേരുടെ കുത്തേല്‍ക്കുകയായിരുന്നു. ഒരു ഗാര്‍ഹിക പീഡന കേസില്‍ മോഹന്‍ദാസിന്റെ മക്കളായ അഭിഭാഷകര്‍ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് പ്രകോപനമായത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹന്‍ദാസ് സെപ്തംബര്‍ ഒന്നിന് മരണപ്പെടുകയായിരുന്നു.
കൊലപാതകശ്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസിലെ പ്രധാന പ്രതികളായ കോമത്ത് ഡൈനാസ്റ്റ്, കോമത്ത് ഡഗ്സ്റ്റര്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്.
ആക്രമണത്തിന് ശേഷം പ്രതികള്‍ എത്തിയത് ‘അമ്മവകസ്ഥലത്ത് വീട്ടില്‍’ സുഭാഷിന്റെ അടുക്കലായിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ സുഭാഷിനെ രണ്ടാഴ്ച മുന്‍പ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളിലൊരാളുടെ സഹോദരനായ സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഡോളര്‍മാന്‍ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയാണെന്നും പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നിലവില്‍ കേസിലെ പ്രതികളെല്ലാം റിമാന്‍ഡിലാണ്.