കൊച്ചി: പോലീസ് സ്റ്റേഷനിലെ ലോക്കര്‍ മുറിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ സെന്‍ട്രല്‍ എസ്.ഐ. അനസ് എസ്. തൗഫീഖിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അനസിനെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
എന്തിനുവേണ്ടിയാണ് സ്റ്റേഷനിലെ സുരക്ഷിത ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് മോഷ്ടിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മോഷണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുകയാണ് ലക്ഷ്യം.
ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന അനസിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ മോഷണം നടത്തിയതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ചോദ്യം ചെയ്യലിലൂടെയും അന്വേഷണത്തിലൂടെയും സ്ഥിരീകരിക്കേണ്ടതുണ്ട്.
സംഭവത്തില്‍ അനസിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ ലോക്കറില്‍ തെളിവായി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് തന്നെ ഒരു ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചെന്ന സംഭവം പോലീസിനുള്ളിലും ഗൗരവമായ ചര്‍ച്ചയായിരിക്കുകയാണ്.