കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ക്കും മരണത്തിനും നഷ്ടപരിഹാരം; കേന്ദ്രത്തിന് നിര്‍ദ്ദേശവുമായി സുപ്രീം കോടതി!

വാക്‌സിനേഷനെത്തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കുറ്റമറ്റ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിലവിലെ നിയമപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഇതിനായുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.

വാക്‌സിന്‍ വിതരണത്തിലോ നിര്‍മ്മാണത്തിലോ പിഴവ് സംഭവിച്ചുവെന്ന് തെളിയിക്കപ്പെട്ടില്ലെങ്കില്‍ പോലും, വാക്‌സിനേഷന്‍ മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന രീതിയിലാവണം പുതിയ നയമെന്ന് കോടതി വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരം നിലവില്‍ ഇത്തരമൊരു സഹായത്തിന് വ്യവസ്ഥയില്ലെന്ന കേന്ദ്രത്തിന്റെ വാദം പരിഗണിച്ചുകൊണ്ടാണ് കോടതി പുതിയ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനായിരിക്കും.

കോടതി നിര്‍ദ്ദേശിക്കുന്ന ഈ ആശ്വാസ പദ്ധതി നിലവിലുള്ള മറ്റ് നിയമപരമായ പോരാട്ടങ്ങള്‍ക്കോ പരിഹാരങ്ങള്‍ക്കോ തടസ്സമാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ഈ വിധി. ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകരായ കെ.എന്‍. പ്രഭു, പി. സുരേഷന്‍, അല്‍ജോ കെ. ജോസഫ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *