ആപ്പിളിന്റെ ആഗോള നിര്‍മ്മാണ ഭൂപടത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണത്തില്‍ 53 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതോടെ ലോകത്തെ നാലിലൊന്ന് ഐഫോണുകളും (25%) ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍മ്മാണത്തിലെ വന്‍ കുതിപ്പ്
2024-ല്‍ 3.6 കോടി ഐഫോണുകള്‍ അസംബിള്‍ ചെയ്തിരുന്ന ഇന്ത്യ, 2025-ല്‍ അത് 5.5 കോടിയായി ഉയര്‍ത്തി. ആഗോളതലത്തില്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുന്ന 22-23 കോടി ഐഫോണുകളില്‍ വലിയൊരു പങ്ക് ഇപ്പോള്‍ ഇന്ത്യയുടെ കൈകളിലാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതിയുമാണ് ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്.
ഐഫോണ്‍ 17 ഇന്ത്യയില്‍ നിന്ന്
കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയുടെ കരുത്തിലാണ് ഈ നേട്ടം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളും (ഹൈ-എന്‍ഡ് മോഡലുകളായ പ്രോ, പ്രോ മാക്സ് ഉള്‍പ്പെടെ) ആദ്യമായി ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നുണ്ട്. ഫോക്‌സോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രണ്‍ എന്നിവരാണ് ആപ്പിളിന്റെ പ്രധാന നിര്‍മ്മാണ പങ്കാളികള്‍.
വിപണിയിലെ ആധിപത്യവും ആപ്പിള്‍ പേയും നിര്‍മ്മാണത്തില്‍ മാത്രമല്ല, വില്‍പനയിലും ആപ്പിള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. രാജ്യത്തെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന 9 ബില്യണ്‍ ഡോളര്‍ കടന്നു. നിലവില്‍ ഇന്ത്യയില്‍ 6 ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആപ്പിള്‍ പേ’ സേവനം 2026 പകുതിയോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിനായി രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.