കേരള ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിന് ആരോഗ്യ സുരക്ഷ ഒരുക്കാന്‍ വിപിഎസ് ലേക്ക്‌ക്ഷോര്‍ ഹോസ്പിറ്റല്‍

കൊച്ചി: കേരളത്തിലെ ഫുട്‌ബോളിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക സൂപ്പര്‍ ലീഗ് കേരളയുടെ ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വിപിഎസ് ലേക്ക്‌ക്ഷോര്‍ ഹോസ്പിറ്റല്‍. മൂന്ന് വര്‍ഷമാണ് വിപിഎസ് ലേക്ക്‌ക്ഷോര്‍ ഹോസ്പിറ്റലുമായി സൂപ്പര്‍ ലീഗ് കേരളയുടെ കരാര്‍. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉടമ്പടി കരാറിന്റെ ഒപ്പ് വെക്കല്‍ വെള്ളിയാഴ്ച കൊച്ചിയില്‍ വെച്ച് നടന്നു. ഈ ഉടമ്പടി പ്രകാരം വിപിഎസ് ലേക്ക്‌ക്ഷോര്‍ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും സമഗ്രമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കും.സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന 45 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആറ് ടീമുകള്‍ പങ്കെടുക്കുണ്ട്. തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, കൊച്ചി പൈപ്പേഴ്സ് എഫ്സി, തൃശൂര്‍ റോര്‍ എഫ്.സി, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, കണ്ണൂര്‍ സ്‌ക്വാഡ് എഫ്.സി എന്നിവരാണ് ടീമുകള്‍. സൂപ്പര്‍ ലീഗ് കേരള അരങ്ങേറുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, മഞ്ചേരിയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ വിപിഎസ് ലേക്ക്‌ക്ഷോര്‍ മെഡിക്കല്‍ ടീമിനെ വിന്യസിക്കും. ഓരോ വേദിയിലും അത്യാധുനിക ആംബുലന്‍സുകളും അലേര്‍ട്ട് മെഡിക്കല്‍ പ്രൊഫഷണലുകളും ഉള്‍പ്പെടെ അത്യാധുനിക അടിയന്തര സൗകര്യങ്ങളും സജ്ജീകരിക്കും.കേരളത്തിലെ സുപ്രധാനപ്പെട്ട ഒരു അന്തര്‍ദേശീയ ടൂര്‍ണമെന്റിന്റെ ഭാഗമാകാനും യുവാക്കളും കഴിവുറ്റവരുമായ ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവും അവരുടെ മികച്ച പ്രകടനങ്ങളെ പരിപോഷിപ്പിക്കാനും ലഭ്യമായ ഈ അവസരം അതിന്റെ പൂര്‍ണ്ണതയില്‍ പ്രവര്‍ത്തികമാക്കുമെന്നും കളിക്കാരുടെ കായികനിലവാരം മെച്ചപ്പെടുത്തുന്നതിനും ലോകോത്തര മെഡിക്കല്‍ പരിചരണം നല്‍കുന്നതിനും ഈ സഹകരണം സഹായകമാകുമെന്നും ധാരണ പത്രത്തില്‍ ഒപ്പിടുന്ന ചടങ്ങില്‍ സംസാരിച്ച വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയുമായി സഹകരിച്ച് ദേശീയ കായിക ഭൂപടത്തില്‍ ഒരു പ്രമുഖ സ്ഥാനം ഉറപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്കെയറിലെ സ്പോര്‍ട്സ് ആന്‍ഡ് വെല്‍നസ് മേധാവി വിനയ് മേനോന്‍ പറഞ്ഞു. മികച്ച നിലവാരം ഉറപ്പാക്കും. കളിക്കളത്തിലും പുറത്തും മാനസികമായും ശാരീരികമായും വിജയിക്കാന്‍ കളിക്കാരെ സഹായിക്കുന്നതിന് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഫുട്‌ബോള്‍ ലോകത്തിന് അന്തര്‍ദേശീയ നിലവാരത്തിലുള്ള അവസരങ്ങള്‍ തുറക്കുന്നതിനുള്ള വേദിയായാണ് സൂപ്പര്‍ ലീഗ് കേരള വിഭാവനം ചെയ്തിട്ടുള്ളത്. നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും മികച്ച സംഘടിത കായിക ഇനങ്ങളില്‍ ഒന്നായി ഫുട്‌ബോളിനെ മാറ്റുന്നതിനും ഈ ടൂര്‍ണമെന്റ് സഹായിക്കും. ടൂര്‍ണമെന്റിന്റെ ആരോഗ്യപങ്കാളിയായി വിപിഎസ് ലേക്ക്‌ക്ഷോര്‍ ഹോസ്പിറ്റല്‍ എത്തുന്നത് ഈ ലക്ഷ്യം നേടുന്നതിന് സഹായിക്കുമെന്ന് സൂപ്പര്‍ ലീഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.സൂപ്പര്‍ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ്, വിപിഎസ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *