കാഞ്ഞങ്ങാട്: മലബാര്‍ മേഖലയിലെ ഗുരുതരമായ റെയില്‍വേ യാത്രാപ്രശ്നങ്ങള്‍ക്ക് സമയക്രമം പുനഃക്രമീകരിക്കുകയും സര്‍വീസുകള്‍ വിപുലീകരിക്കുകയും ചെയ്ത് അടിയന്തര പരിഹാരം കാണണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.
കണ്ണൂര്‍-മംഗളൂരു-യശ്വന്ത്പൂര്‍ സര്‍വീസ് കോഴിക്കോട് വരെ നീട്ടിയതുപോലെ, കണ്ണൂര്‍-പാലക്കാട്യശ്വന്ത്പൂര്‍ സര്‍വീസ് മംഗളൂരുവിലേക്ക് നീട്ടിയാല്‍ വൈകുന്നേര സമയത്തെ യാത്രാപ്രശ്നങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരമാകുമെന്ന് ഫോറം ചൂണ്ടിക്കാട്ടി.
പുതിയായി ആരംഭിച്ച 16329/16330 അമൃത് ഭാരത് എക്സ്പ്രസ് സ്ഥിരം സര്‍വീസായി തുടരണമെന്നും, കൂടുതല്‍ യാത്രക്കാരെയും വരുമാനവും ഉറപ്പാക്കാന്‍ സമയക്രമം പ്രായോഗികമായി പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ അനുവദിച്ച പയ്യന്നൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റോപ്പുകള്‍ സ്ഥിരമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഫോറം വ്യക്തമാക്കി.
12617/12618 മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ കാഞ്ഞങ്ങാട് സ്റ്റോപ്പ് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയതിനു ശേഷം ഇതുവരെ പുനഃസ്ഥാപിക്കാത്തത് ഉത്തര മലബാറിലെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍ പറഞ്ഞു. മുന്‍പ് ഉണ്ടായിരുന്ന ഈ സ്റ്റോപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയത് കൂടാതെ കാഞ്ഞങ്ങാട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കി കാത്തിരിക്കുന്നുവെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ചൂണ്ടിക്കാട്ടി.
അതോടൊപ്പം, പുതുതായി ആരംഭിച്ച 16621/16622 മംഗളൂരു-രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തീര്‍ത്ഥാടനം, ചികിത്സ, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി ദക്ഷിണ മേഖലയിലേക്കുള്ള യാത്രകള്‍ക്ക് ഈ ട്രെയിന്‍ വലിയ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ കാസര്‍കോട് ജില്ലയിലെ പ്രധാന വരുമാനമുള്ള സ്റ്റേഷനുകളില്‍ ഒന്നായതിനാല്‍ യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് റെയില്‍വേ അധികൃതര്‍ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് ഫോറം ആവശ്യപ്പെട്ടു.