കൊച്ചി: അശോക് ലെയ്ലന്റ് വാഹന ഡീലേഴ്‌സിന് ഇനിമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡീലര്‍ ഫിനാന്‍സ് സേവനങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ്, അശോക് ലെയ്ലന്റിന്റെ ട്രഷറി ഹെഡ് സി നീലകണ്ഠന്‍ എന്നിവര്‍ ഒപ്പുവെച്ചു. വാഹന വിപണന രംഗത്ത് മുന്‍നിരയിലുള്ള അശോക് ലെയ്ലന്റുമായി കൈകോര്‍ക്കുന്നതിലൂടെ വൈവിധ്യമാര്‍ന്ന ഡീലര്‍ ഫിനാന്‍സ് സേവനം വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്.
‘വാഹന വിപണന രംഗത്തെ കരുത്തരായ അശോക് ലെയ്ലന്റുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അശോക് ലെയ്ലന്റിന്റെ ഡീലേഴ്‌സിന് സൗകര്യപ്രദവും സമ്പൂര്‍ണ്ണവുമായ ഫിനാന്‍സിംഗ് ചോയിസുകള്‍ നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വായ്പാ രംഗത്തെ ഈ പരസ്പര സഹകരണം ഇരു സ്ഥാപനങ്ങളുടെയും ബിസിനസ് വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’- സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ് അഭിപ്രായപ്പെട്ടു.
ഡീലര്‍ വായ്പ ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അശോക് ലെയ്ലന്റ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ഗോപാല്‍ മഹാദേവന്‍ പറഞ്ഞു. ഞങ്ങളുടെ ഡീലേഴ്‌സിന് ഉചിതമായ ഇന്‍വെന്ററി ഫിനാന്‍സിംഗ് പരിഹാരങ്ങള്‍ നല്‍കാന്‍ ബാങ്കിന് കഴിയും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്യുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനെപ്പോലെ അശോക് ലെയ്ലന്റും പ്രതിജ്ഞാബദ്ധരാണ്. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിങ് ഗ്രൂപ്പ് ഹെഡ് പ്രവീണ്‍ ജോയ്, ചെന്നൈ റീജിയണല്‍ ഹെഡ് ബാല നാഗ ആഞ്ജനേയലു, കോര്‍പ്പറേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെന്നൈ സോണല്‍ ഹെഡ് കാര്‍ത്തിക എസ്, അശോക് ലൈലന്റ് സെയില്‍സ് ഫിനാന്‍സ് ഹെഡ് മധുസുദന്‍ ഡി എസ്, സ്ട്രാറ്റജി ഹെഡ് സാകേത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.