ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപംലോഡ്ജില്‍ പോലീസ് റെയ്ഡ്;അനാശാസ്യ കേന്ദ്രം നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ മൂന്നുപേര്‍ പോലീസ് പിടിയിലായി. കടവന്ത്ര-എളമക്കര പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് വീട്ടില്‍ ടി.എസ്. അഖില്‍ കൃഷ്ണ (30), ഇരിങ്ങാലക്കുട കോണത്തുകുന്ന് ഉണ്ടേക്കടവില്‍ യു.എ. അഫ്സല്‍ (27), കൊല്ലം കല്ലുംതാഴം ആയത്തില്‍ അല്‍ അമീന്‍ കോട്ടേജില്‍ അക്ബര്‍ഷാ (24) എന്നിവര്‍ അറസ്റ്റിലായത്.
ലോഡ്ജിന്റെ രണ്ടാം നിലയിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് പരിശോധനയ്ക്കായി എത്തുമ്പോള്‍ ഇടപാടുകാരും സ്ത്രീകളുമുള്‍പ്പെടെ പത്തിലധികം പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമുകളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് വാട്സാപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്ന് കൊച്ചി ഡി.സി.പി. അരുണ്‍ പവിത്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *