പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായുള്ള സുപ്രധാന ചടങ്ങാണ് കളിയാട്ടം ഏല്‍പ്പിക്കല്‍’. ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആയിരങ്ങളെ സാക്ഷിയാക്കി തിരുമുറ്റത്ത് നടന്ന ചടങ്ങില്‍
പെരുംകളിയാട്ടത്തിനുള്ള ആദ്യ സമ്പത്തായി ഭക്തജനങ്ങള്‍ സമര്‍പ്പിച്ച കാണിക്ക ഉള്‍ക്കൊണ്ട ‘മൂലഭണ്ഡാരം’ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കോയ്മ എം.കെ. കൃഷ്ണകുമാര്‍ അയറോട്ടിനെ ഏല്‍പ്പിച്ചു. കരിവെള്ളൂര്‍ വല്യച്ചന്‍ പ്രമോദ് കോമരം, കരിപ്പോടി വല്യച്ചന്‍ അരവിന്ദന്‍ കോമരം, മുരളി കോമരം (കണ്ണങ്ങാട്ട് ഭാഗവതി ), ഗോപാലന്‍ കോമരം (പുലിയൂര്‍ കാളി), കരുണന്‍ കോമരം (പുലിയൂര്‍ കണ്ണന്‍), കരുണാകരന്‍ കോമരം (മൂവാളംകുഴി ചാമുണ്ഡി), മോഹനന്‍ കോമരം (വിഷ്ണുമൂര്‍ത്തി) എന്നിവരുടെ അനുഗ്രഹ അരുളിപ്പാടോടെയായിരുന്നു കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ് . ക്ഷേത്ര സ്ഥാനീകര്‍, വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ സ്ഥാനീകര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍,വിവിധ മുച്ചിലോട്ട് ക്ഷേത്ര പ്രദേശങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങള്‍ സംബന്ധിച്ചു. കോയ്മയെ ഏല്‍പ്പിച്ച സമ്പത്ത് കോടോത്ത് ഭഗവതി ക്ഷേത്രത്തിലെ പടിഞ്ഞാറ്റയില്‍ നിത്യ ദീപ പ്രഭയില്‍ സൂക്ഷിക്കും. ഏല്‍പ്പിച്ച ആദ്യ സമ്പത്ത് പൊലിഞ്ഞു പൊലിമയോടെ മഹോത്സവത്തിന് ആവശ്യമായ മുഴുവന്‍ സമ്പത്തും വന്നുചേരും എന്നാണ് വിശ്വാസം.
കളിയാട്ടം സമാപിച്ച ശേഷം കോടോത്ത് നിന്ന് ഭണ്ഡാരം ക്ഷേത്രത്തില്‍ തിരികെ എത്തിക്കും. ചൊവ്വ വിളക്ക് അടിയന്തിരം നടത്തി മൂല ഭണ്ഡാരം ക്ഷേത്രത്തില്‍ അനുഷ്ഠാന ചടങ്ങുകള്‍ നടത്തി സ്വീകരിക്കും.