സിജെപി വക്താവ് സൗരവ് ദാസിനെതിരെ മഹാരാഷ്ട്ര പൊലീസിന്റെ ലുക്ക് ഔട്ട് സര്‍ക്കുലര്‍; വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

ഡല്‍ഹി: സിജെപി വക്താവ് സൗരവ് ദാസിനെതിരെ മഹാരാഷ്ട്ര പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്പോര്‍ട്ടില്‍ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നും ഇത് പൗരത്വത്തെ തന്നെ ബാധിച്ചേക്കാമെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ബ്രിട്ടനിലേക്കുള്ള യാത്ര തടഞ്ഞ നടപടി ചോദ്യം ചെയ്ത് സൗരവ് ദാസ് നല്‍കിയ ഹര്‍ജിയില്‍ വിദേശകാര്യ മന്ത്രാലയത്തിനും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബര്‍ 9-ന് വീണ്ടും പരിഗണിക്കും.

നവംബര്‍ 23-നാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും, ഇതിന്റെ ഭാഗമായി സൗരവ് ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. സര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം തള്ളിയ കേന്ദ്രം, അഭിഭാഷകര്‍ക്ക് സ്വതന്ത്രമായി വിവരങ്ങള്‍ ശേഖരിച്ച് നിയമനടപടി സ്വീകരിക്കാമെന്നും വാദിച്ചു. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് സൗരവ് ദാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കുലറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലണ്ടനിലേക്കുള്ള യാത്ര തടഞ്ഞതിനെത്തുടര്‍ന്ന് തന്റെ പാസ്പോര്‍ട്ട് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതായി സൗരവ് ദാസ് ആരോപിച്ചു. തന്നെ ലക്ഷ്യമിട്ട് നിരന്തരമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും, പാസ്പോര്‍ട്ട് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കുമെതിരെ ക്രിമിനല്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *