പൊന്നാനി: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 61-കാരന് 54 വര്‍ഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും ശിക്ഷ. മറവഞ്ചേരി കാടഞ്ചേരി പറപ്പൂത്ത്പറമ്പ് വാഴയില്‍വളപ്പില്‍ മണികണ്ഠനെയാണ് പൊന്നാനി പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാലര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അതിവേഗ കോടതി ജഡ്ജി സുബിത ചിറക്കല്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ ജഡ്ജി എസ്. ലിഷയാണ് ഹിയറിങ് നടത്തി ശിക്ഷ വിധിച്ചത്. കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍.എസ്. മനോജ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. പത്മരാജനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരത് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.സി. പ്രീത പ്രോസിക്യൂഷനെ സഹായിച്ചു. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.