ഡല്‍ഹി: കുപ്പിവെള്ളത്തില്‍ മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കി. പ്രമുഖ ബ്രാന്‍ഡായ ബിസ്ലെരിക്ക് പുറമേ മറ്റ് കുടിവെള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിര്‍ദേശം. സാമ്പിള്‍ പരിശോധനയില്‍ വെള്ളം സുരക്ഷിതമല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ബിസ്ലെരിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. കാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യമാണ് വെള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ബ്രോമേറ്റ് അളവും, പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യവുമാണ് സാമ്പിളുകളില്‍ കണ്ടെത്തിയത്. ഇവ രണ്ടും കാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. പ്രാഥമിക പരിശോധനയില്‍ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്പനി നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രണ്ടാമത്തെ പരിശോധനയിലും ഇതേ ലംഘനങ്ങള്‍ സ്ഥിരീകരിച്ചതായി എഫ്എസ്എസ്എഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി മറ്റ് കുപ്പിവെള്ള ബ്രാന്‍ഡുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുന്നത്.