പരതൂര്‍ സ്‌കൂള്‍ വെടിവെപ്പ്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി; പരിക്കേറ്റ കുട്ടിയുടെ നില തൃപ്തികരം

പാലക്കാട്: തൃത്താല പരതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വെടിവെപ്പ് കേസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഡിസംബര്‍ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വെടിയേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ശരീരത്തില്‍ തറച്ച വെടിയുണ്ട സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃത്താല പോലീസ് ഇന്ന് (നവംബര്‍ 26) ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.
കേസില്‍ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസന്‍സില്ലാത്ത, പ്രവര്‍ത്തനക്ഷമമായ 0.22 നാടന്‍ റിവോള്‍വറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉത്തരേന്ത്യയില്‍ നിര്‍മ്മിച്ച തോക്കാണെന്നും ഇതിലുണ്ടായിരുന്ന ബുള്ളറ്റുകള്‍ പഞ്ചാബില്‍ നിര്‍മ്മിച്ചതാണെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ മുത്തശ്ശന്റേതായിരുന്ന തോക്ക് വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. തോക്ക് എങ്ങനെയാണ് കുട്ടിയുടെ കൈവശമെത്തിയതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ പരതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *