വരള്‍ച്ചാ പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം -ജില്ലാ കളക്ടര്‍

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്. വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വരള്‍ച്ചാ ഭീഷണിയുള്ളതും കുടിവെള്ള വിതരണം ആവശ്യമായി വരുന്നതുമായ തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കുടിവെള്ള കിയോസ്‌കുകള്‍ പരിശോധിച്ച് അറ്റകുറ്റപ്പണിയോ മറ്റോ വേണ്ടതുണ്ടെങ്കില്‍ അത് വേഗത്തില്‍ ചെയ്യാനും കളക്ടര്‍ നിര്‍ദേശം നല്‍കി.
വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കി മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഇറങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ചെക്ക് ഡാമുകള്‍ അടച്ച് വെള്ളം പരമാവധി സംഭരിക്കണം. കുടിവെള്ള കണക്ഷനുകളില്‍ വെള്ളം ലഭ്യമല്ലാത്ത പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കണം. ആശുപത്രികളിലും വിദ്യാലയങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് സൂര്യാഘാതമേല്‍ക്കാതിരിക്കാനും തീപിടിത്തം തടയാനും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കണം. ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി കുടിവെള്ള സാമ്പിള്‍ പരിശോധിച്ച് മാലിന്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
കാര്‍ഷിക മേഖലയില്‍ ബ്ലോക്ക് തലത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും വേണം. വെള്ളം കുറച്ചുള്ള കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം. കാട്ടുതീ തടയാന്‍ വനാതിര്‍ത്തികളിലെ പഞ്ചായത്തുകളില്‍ മോക്ഡ്രില്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കണം. വേനല്‍ കനക്കുംമുമ്പ് പുല്ലുകള്‍ നിയന്ത്രിതമായി കത്തിച്ച് അപകടങ്ങള്‍ തടയണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം പി ഉദയകുമാര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ് പി ബാല്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *