പ്രതിധ്വനി ഐ.ടി കലോത്സവം 2026;എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സാംസ്‌കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനി ടെക്‌നോപാര്‍ക്കിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ പ്രതിധ്വനി ഐ.ടി കലോത്സവം 2026 സമാപിച്ചു.

കലോത്സവത്തില്‍ വിവിധ മത്സരങ്ങളിലെ പോയിന്റ് നിലയില്‍ മുന്നിലെത്തിയ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും എവര്‍ റോളിംഗ് ട്രോഫിയും സ്വന്തമാക്കി. ടി.സി.എസ് രണ്ടാം സ്ഥാനവും അലയന്‍സ് ടെക്‌നോളജി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമാപനച്ചടങ്ങില്‍ മെഡലുകളും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. സമാപന ചടങ്ങില്‍ പ്രശസ്ത ഗായകന്‍ സൂരജ് സന്തോഷിന്റെ സംഗീതനിശയും അരങ്ങേറി.

ടെക്‌നോപാര്‍ക്കില്‍ നവംബര്‍ 19 ന് ആരംഭിച്ച ആറു ദിവസത്തെ കലോത്സവത്തില്‍ വിവിധ ഐ.ടി കമ്പനികളില്‍ നിന്നായി 1500-ലധികം ജീവനക്കാര്‍ 50 മത്സര ഇനങ്ങളിലായി പങ്കെടുത്തു. നൃത്തം, സംഗീതം, സാഹിത്യം, ഫോട്ടോഗ്രഫി, നാടകം, മിമിക്രി, മോണോ ആക്ട്, പ്രസംഗം തുടങ്ങിയ ഇനങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ഡാന്‍സ് വാര്‍, ഫാഷന്‍ ഷോ, ബാന്‍ഡ് വാര്‍ തുടങ്ങിയ മത്സരങ്ങള്‍ ഏറെ ശ്രദ്ധ നേടി. ഐ.ടി ജീവനക്കാരുടെ മക്കള്‍ക്കായി സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റില്‍ 24 ഇനങ്ങളിലായി 400-ലധികം കുട്ടികള്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ്.വൈ സുരേഷ്, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ബി.കെ., ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഡിജിറ്റല്‍ മീഡിയ ഹെഡ് മുരളി, ടെക്‌നോപാര്‍ക്ക് സീനിയര്‍ മാനേജര്‍ ആനി മോസസ്, ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

പ്രതിധ്വനി സെക്രട്ടറിയും കലോത്സവം പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ വിനീത് ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് അനീഷ്, പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രോഹിത് കൊല്ലത്തൊടിയില്‍, പ്രതിധ്വനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജു ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

ബാന്‍ഡ് വാറില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഒന്നാംസമ്മാനം നേടി. ഡാന്‍സ് വാറിലും എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഒന്നാംസമ്മാനം നേടി. ഫാഷന്‍ ഷോയില്‍ ടിസിഎസ് വിജയികളായി.

ബാന്‍ഡ് വാറില്‍ ഇ.വൈ, പ്രസ് ഗേനി അസോസിയേറ്റ്‌സ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. യുഎസ്ടി, ഇന്‍ഫോസിസ് എന്നിവയാണ് ഡാന്‍സ് ബാറില്‍ രണ്ടും മൂന്നും സ്ഥാനം നേടിയത്. ഫാഷന്‍ ഷോയില്‍ അലയന്‍സ് ടെക്‌നോളജി രണ്ടാംസ്ഥാനവും ബിറ്റ്‌സ്ന്‍പിക്‌സ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

നവംബര്‍ 19 ന് സംസ്ഥാന ഐ.ടി സ്‌പെഷ്യല്‍ സെക്രട്ടറി സുഹാസ് ആണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഹരിശങ്കര്‍ രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു. പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റിന്റെ സംഗീതനിശയും അരങ്ങേറി.

കഴിഞ്ഞ 14 വര്‍ഷമായി ഐ.ടി ജീവനക്കാരുടെ ക്ഷേമത്തിനും കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സംഘടനയാണ് പ്രതിധ്വനി. കേരളത്തിലെ ഐ.ടി ജീവനക്കാരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും സര്‍ഗാത്മകതയ്ക്ക് വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിധ്വനി ഐ.ടി കലോത്സവം സംഘടിപ്പിച്ചത്. കല, സര്‍ഗാത്മകത, സൗഹൃദം, കൂട്ടായ്മ എന്നിവയുടെ ആഘോഷമായി മാറിയ ഐ.ടി കലോത്സവം എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നും പ്രതിധ്വനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *