കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, ദേശീയ ആയുഷ്മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പ്രകൃതി ചികിത്സ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വ്വഹിച്ചു. സ്വാഭാവികമായിട്ടുള്ള രോഗപ്രതിരോധശേഷി എല്ലാവരിലും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്നും അതിനായി പുതുതായി ഉദ്ഘാടനം ചെയ്ത ആയുഷ്മിഷന്റെ വെല്‍നസ് സെന്റര്‍ ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു.
ജോലി സ്ഥലങ്ങളില്‍ ജീവനക്കാര്‍ക്ക് ശാരീരിക അധ്വാനം മൂലം ഉണ്ടാകുന്ന ക്ഷീണം, അസ്വസ്ഥകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവ മറികടക്കാന്‍ സഹായകരമാകുന്ന ലളിതമായ യോഗ പരിശീലനം നല്‍കി. തുടര്‍ന്ന് ദേശീയ ആയുസ് മിഷന്റെ കീഴില്‍ കളക്ടറേറ്റ് പരിസരത്ത് ആയുഷ് വെല്‍നെസ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. പൊതു അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെന്ററില്‍ സേവനം ലഭ്യമാകും. നാച്ചുറല്‍പതി, യോഗ എന്നീ ചികിത്സ സേവനങ്ങളാണ് ഇവിടെ നല്‍കിവരുന്നത്.തല്‍സമയ യോഗ സെക്ഷന് ഡോ.അഞ്ജന, ലെനിന്‍ അശോക് എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഹ്‌റുന്നിസ ഹബീബ്, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി. ഉദയകുമാര്‍, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ എ.കെ, കാസര്‍കോട് ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന കെ.എസ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ആയുഷ്മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദിലീപ്.കെ സ്വാഗതവും നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രതിഭ.കെ നന്ദിയും പറഞ്ഞു.