മുറാസു ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ കുടുങ്ങിയ ഇടുക്കി സേനാപതിയിലെ മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 91 അംഗ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ഇക്കഴിഞ്ഞ 31 നാണ് സംഘം പഠനയാത്രയ്ക്കായി ട്രെയിന്‍ മാര്‍ഗ്ഗം സെക്കന്തരാബാദിലേയ്ക്ക് പോയത്. യാത്ര പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 2.30 നുളള ട്രെയിനില്‍ നാട്ടിലേയ്ക്ക് മടങ്ങാനിരുന്നതുമാണ്. താമസിച്ചിരുന്ന മുറികള്‍ വെക്കേറ്റ് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്കുളള യാത്രാമധേയാണ് മുറാസു ചുഴലിക്കാറ്റിനെതുടര്‍ന്നുളള സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകള്‍ റദ്ദാക്കിയെന്ന് വിവരം അറിയുന്നത്. തുടര്‍ന്ന് സംഘം മുഖ്യമന്ത്രിയുടെ ഓഫീസുമായും ഉടുമ്പന്‍ചോല എം എല്‍ എ അഡ്വ സേനാപതി വേണുവുമായും ബന്ധപ്പെട്ടു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസാരണം പഠനയാത്രാസംഘത്തിന്റെ മടക്കയാത്രയും അതുവരെയുളള താമസസൗകര്യവും നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ മുറാസു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റെയില്‍-റോഡ് യാത്രയ്ക്ക് പ്രതിസന്ധിയുണ്ട്. പ്രതികൂല സാഹചര്യം മാറുന്നമുറയ്ക്ക് ഇവരെ റോഡു-റെയില്‍ മാര്‍ഗ്ഗം നാട്ടിലെത്തിക്കാനാണ് ശ്രമം. ബംഗലൂരു, ചെന്നൈ എന്‍.ആര്‍.കെ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ തെലങ്കാനയിലെ മലയാളി അസ്സോസിയേഷനുകളുമായി ചേര്‍ന്ന് സഹകരിച്ചാണ് സഹായങ്ങള്‍ ലഭ്യമാക്കിവരുന്നത്.