കോഴിക്കോട്: ഏറെ വിവാദങ്ങള്‍ക്കും ജനരോഷത്തിനും വഴിവെച്ച പയ്യോളി പോക്സോ കേസിലെ ഒന്നാം പ്രതിയും വ്യവസായിയുമായ വടകര ചങ്ങരോത്ത് സ്വദേശി അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ബുധനാഴ്ച (നവംബര്‍ 4) രാവിലെയോടെയാണ് ഇയാളെ പോലീസ് പിടിയിലാക്കിയത്.
പയ്യോളിയില്‍ പതിമൂന്നുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തിട്ടും ഒരു ദിവസം പോലും കസ്റ്റഡിയിലാകാതെ പ്രതിക്ക് പുറത്തിറങ്ങാന്‍ സാധിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനുമുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പ്രക്ഷോഭം കനത്തു. തുടര്‍ന്ന് സി.ഐ ബാബുമോന്‍, സി.പി.ഒ അബ്ദുള്‍ ഹമീദ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ ക്രൂരത നടക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുള്‍ റഫീഖ്, മാതാവിന്റെ ഒത്താശയോടെ കത്തികാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി പഠനത്തില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് 10 മാസം മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്ത പയ്യോളി പോലീസ്, രണ്ടാം പ്രതിയായ മാതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഒന്നാം പ്രതി വിദേശത്തേക്ക് കടന്നു. ഇയാള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനല്‍കിയിരുന്നെങ്കിലും, നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായില്ല. പോലീസിന്റെ ഒത്തുകളിക്കെതിരെ ഉയര്‍ന്ന ശക്തമായ ജനരോഷത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതി പിടിയിലാകുന്നത്