ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിലെ നവീകരണ, സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സില്‍ ചേര്‍ന്ന യോഗം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ കെ.എം.അഷറഫ്, കല്ലട മാഹിന്‍ ഹാജി,കെ.നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം,ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് ഓഫീസര്‍ പി. നിധിന്‍രാജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥന്‍ ചെയര്‍മാനും എം.എ നസീബ് ജനറല്‍ കണ്‍വീനറുമാണ്. കെ.ജെ ജെയിംസ്, എം.പത്മകുമാരി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച നവീകരണ, സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നവംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പ്, കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), പനത്തടി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങള്‍, വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ഏകോപനം, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതി സൗഹാര്‍ദമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ റാണിപുരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുപ്രിയ അജിത്, കെ.ബി. രതീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിദ്യ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ സ്വാഗതവും ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഞ്ജു മോഹനന്‍ നന്ദിയും പറഞ്ഞു.