വിട്ടുമാറാത്ത ചുമയും ആവര്‍ത്തിച്ചുള്ള ശ്വാസകോശ അണുബാധകളെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ 72-കാരന്റെ ശ്വാസനാളത്തില്‍ ട്യൂമറല്ല, മറിച്ച് മൂന്ന് വര്‍ഷമായി കുടുങ്ങിക്കിടന്നത് ഒരു പല്ല്. 2026 ഒക്ടോബര്‍ 31-ന് ‘ദി ഈജിപ്ഷ്യന്‍ ജേണല്‍ ഓഫ് ബ്രോങ്കോളജി’ എന്ന പ്രസിദ്ധീകരണത്തിലാണ് ഈ അപൂര്‍വ്വ സംഭവം പുറത്തുവന്നത്.
മാസങ്ങളായി കഫത്തോടുകൂടിയ ചുമയും ശ്വാസകോശ അണുബാധകളും വയോധികനെ അലട്ടിയിരുന്നു. പലതവണ ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടും രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ വലത് ശ്വാസകോശത്തിന്റെ താഴത്തെ ശ്വാസനാളത്തില്‍ തടസ്സവും വീക്കവും കണ്ടെത്തി. ബ്രോങ്കോസ്‌കോപ്പിയില്‍ ശ്വാസനാളം പൂര്‍ണമായി അടഞ്ഞ നിലയിലായിരുന്നു. ഇത് ‘കാര്‍സിനോയ്ഡ് ട്യൂമര്‍’ ആകാം എന്ന സംശയത്തില്‍ ഡോക്ടര്‍മാര്‍ വളര്‍ച്ച നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അതിനടിയില്‍ കട്ടിയുള്ള വെളുത്ത വസ്തു കണ്ടെത്തിയത്. ഫോഴ്സെപ്‌സും റിട്രീവല്‍ ബാസ്‌കറ്റും ഉപയോഗിച്ച് ഇത് പുറത്തെടുത്തപ്പോഴാണ് അതൊരു പല്ല3ണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച ബോധക്ഷയത്തിനിടെ അദ്ദേഹത്തിന് ഒരു പല്ല് നഷ്ടപ്പെട്ടതായി വ്യക്തമായത്. അന്ന് പല്ല് ശ്വാസനാളത്തിലേക്ക് പോയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. നീക്കംചെയ്ത കോശങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ ഇല്ലെന്നും കണ്ടെത്തി. ചികിത്സയ്ക്കുശേഷം വയോധികന്റെ ചുമ കുറയുകയും ശ്വാസനാളം പൂര്‍വസ്ഥിതിയിലാവുകയും ചെയ്തു.