പാങ്ങപ്പാറ അഭിറാം കൊലപാതക കേസില്‍ നിര്‍ണായക വഴിതിരിവ്.

തിരുവനന്തപുരം: രണ്ടാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിനെ (22) പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്ന ഈ യുവതിയുടെ അറസ്റ്റ് ഇന്ന് (നവംബര്‍ 5) തന്നെ രേഖപ്പെടുത്തിയേക്കും. ഇതിനിടെ, കേസിലെ പ്രതികളുടെ വീടുകളില്‍ പോലീസ് വിശദമായ പരിശോധന നടത്തി.
അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നിരവധി ചാറ്റുകള്‍ അപ്രത്യക്ഷമായതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അഭിറാം മറ്റൊരു പെണ്‍സുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്‌കൂബ ടീമിനെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇരട്ടക്കൊലപാതകത്തിനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷ്യമിട്ട രണ്ടാമത്തെയാളെ വിളിച്ചുവരുത്താന്‍ സാധിക്കാത്തതിലുള്ള വൈരാഗ്യമാണ് അഭിറാമിന് നേരെയുള്ള ക്രൂരമായ മര്‍ദ്ദനത്തിനും കൊലപാതകത്തിനും വഴിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവദിവസം അഭിറാം വീട്ടില്‍ നിന്ന് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *