ഇടുക്കി കാന്തല്ലൂരില്‍ കാട്ടാനയുടെ വ്യാപക അക്രമണം. ഗൃഹനാഥപുരത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ജീപ്പുകളാണ് പുലര്‍ച്ചെയോടെ ആന ചവിട്ടി തകര്‍ത്തത്. കഴിഞ്ഞ രണ്ടു ദിവസമായി പെരുമല സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ പരിസരത്തും സമീപറോഡുകളിലും മൂന്ന് കാട്ടാനകള്‍ തമ്പടിച്ചിരുന്നു. ആര്‍.ആര്‍.ടി സംഘം ആനയെ തുരത്താന്‍ നിരന്തരമായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലപ്രദമായില്ല. രാത്രികാലങ്ങളില്‍ റോഡുകളിലും സ്‌കൂള്‍ പരിസരത്തും ആനകള്‍ എത്തുന്നത് പ്രദേശവാസികളില്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.
ഇതിനുപുറമെ ഇടുക്കി മൂന്നാര്‍ കന്നിമല എസ്റ്റേറ്റിലും കാട്ടാനയുടെ ആക്രമണ ശ്രമം ഉണ്ടായി. അതേസമയം ജില്ലയില്‍ കാട്ടാനകളുടെ ശല്യം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.