തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തര പരിഹാരം കാണാനാകാതെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. പ്രതിദിന ഉപഭോഗം 94 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് ഉയര്‍ന്നതോടെ ഇന്നും സംസ്ഥാനത്ത് പവര്‍കട്ട് തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അടുത്ത 15 ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങളും തുടരേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പ്രതിസന്ധി മറികടക്കുന്നതിനായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം. ജി. രാജമാണിക്യം എന്‍.ടി.പി.സി സി.എം.ഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ തടസ്സങ്ങളില്ലാതെ വൈദ്യുതി വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അധിക തുക നല്‍കിയായാലും അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. യൂണിറ്റിന് 30 രൂപ നിരക്കില്‍ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും നിലവിലെ അവസ്ഥയില്‍ മറ്റ് വഴികളില്ല. ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ മുംബൈയിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.