വെള്ളറട റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്; ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: വെള്ളറടയില്‍ റിസോര്‍ട്ട് ഉടമ ശ്യാമിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൂടി പോലീസിന്റെ പിടിയിലായി. കര്‍ണാടക അതിര്‍ത്തിയിലെ സത്യമംഗലം കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കര്‍ണാടക സ്വദേശികളായ മുഹമ്മദ് കൗനേന്‍ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരെയാണ് വെള്ളറട പോലീസ് സാഹസികമായി പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി ഉയര്‍ന്നു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് ശേഷം ആദ്യ മൂന്നംഗ സംഘം തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും, ശ്യാമിനെ കയറ്റിയ രണ്ടാമത്തെ വാഹനം വഴിതെറ്റി ചെമ്പൂര്‍ ഭാഗത്തേക്ക് പോയത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. നാട്ടുകാരും പോലീസും ചേര്‍ന്ന് ഈ വാഹനം തടഞ്ഞാണ് ആദ്യഘട്ട അറസ്റ്റ് രേഖപ്പെടുത്തിയത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി പ്രശാന്തന്‍ കാണിയുടെ നിര്‍ദ്ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സത്യമംഗലം കാട്ടില്‍ നിന്ന് മറ്റ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവര്‍ നിരവധി കവര്‍ച്ച, ഗുണ്ടാ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *