ഹോ… എന്തൊരു ചൂട്! നാളെയും ചൂട് കുറയില്ല; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വീണ്ടും കനക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയില്‍ സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. നാളെ വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്..

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് സംസ്ഥാനത്ത് പെട്ടെന്ന് താപനില ഉയരാന്‍ പ്രധാന കാരണം. നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കടുത്ത ചൂട് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

പകല്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട് ശക്തമായ സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കൂടാതെ, പകല്‍ സമയത്ത് മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കേണ്ടതാണ്, കാരണം ഇവ ശരീരത്തില്‍ നിര്‍ജലീകരണത്തിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *