കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ 23) പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴ കൂടുതല്‍ ശക്തമാകുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ വടക്കന്‍ ജില്ലകളിലും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ തെക്കന്‍ ജില്ലകളിലുമാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച (ഒക്ടോബര്‍ 26) വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അടുത്ത നാല് ദിവസങ്ങളില്‍ കൂടി കാലാവസ്ഥ മോശമായി തുടര്‍ന്നേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുകയും പകല്‍ സമയത്തുതന്നെ അവിടേക്ക് മാറി താമസിക്കുകയും വേണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളെയോ റവന്യൂ അധികാരികളെയോ ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *