ഏഷ്യന്‍ പാരാ ഗെയിംസില്‍ 100 മെഡലുകള്‍ തികച്ച് ഇന്ത്യ; ഡബിള്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണത്തിളക്കം

നിലവില്‍ 25 സ്വര്‍ണവും 32 വെള്ളിയും 43 വെങ്കലവും ഉള്‍പ്പെടെ 100 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ തകര്‍പ്പന്‍മുന്നേറ്റം തുടരുന്ന ഇന്ത്യ മെഡല്‍ വേട്ടയില്‍ സെഞ്ചുറി തികച്ചു.
അഞ്ചാം ദിനം രണ്ട് ലോക റെക്കോര്‍ഡുകളോടെ സ്വര്‍ണം നേടിയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. പുരുഷന്മാരുടെ 400 മീറ്റര്‍ ടി-44 വിഭാഗത്തില്‍ സന്ദീപ് കുമാറും, ജാവലിന്‍ ത്രോ എഫ്-37/38 വിഭാഗത്തില്‍ ഹനിയുമാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.

400 മീറ്ററില്‍ 52.28 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സന്ദീപ് കുമാര്‍ പുതിയ ലോക റെക്കോര്‍ഡ് കുറിച്ചത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അജയ് കുമാര്‍ (53.61 സെക്കന്‍ഡ്) ഗെയിംസ് റെക്കോര്‍ഡോടെ വെങ്കലവും സ്വന്തമാക്കി. ജാവലിന്‍ ത്രോയില്‍ 60.49 മീറ്റര്‍ ദൂരത്തിലേക്ക് ഈട്ടി പായിച്ചാണ് ഹനി പുതിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ടത്. നേരത്തെ ഡിസ്‌കസ് ത്രോയില്‍ ഹനി വെങ്കലവും നേടിയിരുന്നു. ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍-3 വിഭാഗത്തില്‍ നിതേഷ് കുമാര്‍ സ്വര്‍ണവും പ്രമോദ് ഭഗത് വെള്ളിയും നേടി.

പാരാ അമ്പെയ്ത്ത് റീക്കര്‍വ് ടീം ഇനത്തില്‍ ചൈനയെ 5-1ന് തോല്‍പ്പിച്ച് ഹര്‍വീന്ദര്‍ സിങ്-വിജയ് സഖ്യം ഇന്ത്യയ്ക്കായി മറ്റൊരു സ്വര്‍ണം കൂടി കൂട്ടിച്ചേര്‍ത്തു. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ തുളസിമതി മുരുഗേശന്‍, അമ്പെയ്ത്ത് വനിതാ ഡബിള്‍സില്‍ പൂജ-ഭാവ്‌ന സഖ്യം, 1500 മീറ്റര്‍ ഓട്ടത്തില്‍ പ്രമോദ് എന്നിവര്‍ വെള്ളി മെഡലുകളും സ്വന്തമാക്കി. നിലവില്‍ 25 സ്വര്‍ണവും 32 വെള്ളിയും 43 വെങ്കലവും ഉള്‍പ്പെടെ 100 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്

Leave a Reply

Your email address will not be published. Required fields are marked *