പ്രണയവിവാഹം കൊടുംക്രൂരതയില്‍ കലാശിച്ചു; പീരുമേട്ടില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ തെളിവെടുപ്പ് നടത്തി

ഗുരുതര പരിക്കേറ്റ ഭാര്യാപിതാവ് ഇസ്രവേല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

പീരുമേട്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിന്‍സിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ പ്രിന്‍സിന്റെ വെട്ടേറ്റ് ഭാര്യ പ്രിയങ്ക (35), പ്രിയങ്കയുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഭാര്യാപിതാവ് ഇസ്രവേല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച (ഒക്ടോബര്‍ 22) രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലൂടെ പ്രതി പ്രിന്‍സിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. കൃത്യത്തിനുപയോഗിച്ച കത്തിയും പ്രതിയുടെ വസ്ത്രങ്ങളും ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിരലടയാളവിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

പ്രിയങ്കയുടെയും പ്രിന്‍സിന്റെയും പ്രണയവിവാഹമായിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന പ്രിയങ്ക മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് പാമ്പനാറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച (ഒക്ടോബര്‍ 21) വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പ്രിയങ്കയെ പ്രിന്‍സ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തടയാന്‍ എത്തിയ ഭാര്യാമാതാവ് നേസത്തിനും പ്രിയങ്കയുടെ പിതാവ് ഇസ്രവേലിനും വെട്ടേറ്റു. ബുധനാഴ്ച (ഒക്ടോബര്‍ 21) വൈകുന്നേരം ഏഴരയോടെ ഗ്ലെന്‍മേരി അങ്കണവാടിയോട് ചേര്‍ന്നുള്ള തോട്ടംലയത്തിലായിരുന്നു സംഭവം.

ആക്രമണത്തിന് ശേഷം ലയത്തോട് ചേര്‍ന്നുള്ള മുറിയിലേക്ക് മാറിയ പ്രിന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി സംഭവസമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാട്ടി പ്രിയങ്കയും കുടുംബവും നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച (ഒക്ടോബര്‍ 22) രാത്രി ഗ്ലെന്‍മേരിയിലെത്തിച്ച മൃതദേഹങ്ങള്‍ രാത്രി ഏഴരയോടെ സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *