കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്
മൃഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള രോഗബാധിതനാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിച്ചു. ഫ്രാന്‍സിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്ന പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞ നിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ലിയോണിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് യുവാവ് മരണപ്പെട്ടത്. വൈറസ് ബാധയുള്ള മൃഗങ്ങള്‍ ഉള്ള ആ പ്രദേശത്തുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് യുവാവിന് അണുബാധയുണ്ടായതെന്നാണ് ഫ്രഞ്ച് അധികൃതരുടെ പ്രാഥമിക നിഗമനം. എങ്കിലും രോഗിക്ക് കൃത്യമായി എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പൊതുജനാരോഗ്യത്തിന്മേലുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും ഇത് സമൂഹത്തിലേക്ക് കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന ജനങ്ങള്‍ക്ക് ആശ്വാസകരമായ സന്ദേശം നല്‍കിയിട്ടുണ്ട്.
കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. ‘കുലിക്കോയിഡ്സ്’ എന്ന ഒരിനം ചെറിയ ഈച്ചകളുടെ കടിയിലൂടെയാണ് ഈ വൈറസ് പടരുന്നത് എന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതുവരെ മൃഗങ്ങളില്‍ മാത്രമാണ് ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. രോഗബാധിതരായ മൃഗങ്ങളില്‍ കടുത്ത വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് എന്നിവയ്‌ക്കൊക്കെ ഈ വൈറസ് കാരണമാകാറുണ്ട്. ഇതിനുപുറമേ സ്വിറ്റ്സര്‍ലന്‍ഡിലും ജര്‍മ്മനിയിലും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ഗുരുതരമായ ലക്ഷണങ്ങള്‍ മൂലം ചത്ത കുതിരകളുടെ മസ്തിഷ്‌കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിധ്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വൈറസ് മനുഷ്യരില്‍ എന്തെല്ലാം രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.