ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കര്‍ശന മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; ലേണേഴ്‌സ് പാസാകാന്‍ ഇനി 75% മാര്‍ക്ക് വേണം

നിലവില്‍ ലേണേഴ്‌സ് പരീക്ഷ പാസാകാന്‍ 60 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെ, പുതിയ നിര്‍ദ്ദേശപ്രകാരം ഇത് 75 ശതമാനമായി ഉയര്‍ത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം

ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ കടമ്പകള്‍ തീര്‍ത്ത് കേന്ദ്ര മോട്ടോര്‍വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറങ്ങി. നിലവില്‍ ലേണേഴ്‌സ് പരീക്ഷ പാസാകാന്‍ 60 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെ, പുതിയ നിര്‍ദ്ദേശപ്രകാരം ഇത് 75 ശതമാനമായി ഉയര്‍ത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെയും ഡ്രൈവിങ് നിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ ആരോഗ്യവിവരങ്ങള്‍ കര്‍ശനമായി പരിശോധിക്കാനും പുതിയ കരടില്‍ വ്യവസ്ഥയുണ്ട്. കാഴ്ചക്കുറവിനും കേള്‍വിക്കുറവിനും പുറമെ, അപസ്മാര രോഗമുള്ളവരും അതിനുള്ള മരുന്ന് കഴിക്കുന്നവരുമാണെങ്കില്‍ ഇനി ലൈസന്‍സ് ലഭിക്കില്ല. അതേസമയം, അപേക്ഷകരുടെ ആരോഗ്യ വിവരങ്ങള്‍ അത്യാഹിത ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയില്‍ നിന്ന് എല്‍.ഐ.സി പോളിസിയെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പ്രധാന രേഖകള്‍ തുടര്‍ന്നും ഉപയോഗിക്കാം.

ലൈസന്‍സ് രേഖകള്‍ പി.വി.സി കാര്‍ഡായോ ലാമിനേറ്റ് ചെയ്‌തോ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കുന്നു. കൂടാതെ, ലൈസന്‍സിലെ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. അഡ്രസ് മാറ്റാനുള്ള അപേക്ഷയില്‍ 30 ദിവസത്തിനകവും മറ്റ് വിവരങ്ങള്‍ മാറ്റാന്‍ 15 ദിവസത്തിനകവും അധികാരികള്‍ തീരുമാനമെടുക്കണം. അഡ്രസ് മാറ്റത്തിന് നിശ്ചിത ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അപേക്ഷ അംഗീകരിച്ചതായി കണക്കാക്കുമെന്നത് അപേക്ഷകര്‍ക്ക് ആശ്വാസകരമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *