അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു; ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലകനീശ്വരന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി പഴയ ദേവസ്ഥാനം പരിധിയില്‍ പെടുന്ന പ്രധാന തറവാടായ മാണിക്കോത്ത് മുണ്ടയില്‍ വീടിന്റെ താവഴിയായ വെള്ളിക്കോത്ത് അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2027 ഏപ്രില്‍ 5 മുതല്‍ 8 വരെ നടക്കുന്ന തെയ്യംകെട്ട് മഹോത്സവം വിജയിപ്പിക്കുന്നതിന് നാട്ടുകാരുടെയും, തറവാട്ട് അംഗങ്ങളുടെയും, വിവിധ ക്ഷേത്ര ഭാരവാഹികളുടെയും, ആചാര സ്ഥാനികരുടെയും, ജന പ്രതിനിധികളുടെയും മറ്റ് ബഹുജനങ്ങളുടെയും സാന്നിധ്യത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും പ്രശ്‌ന ചിന്തയും നടന്നു. ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ ജ്യോത്സ്യന്‍ വിനോദ് കപ്പണക്കാലിന്റെ നേതൃത്വത്തില്‍ നടന്ന പ്രശ്‌ന ചിന്തയ്ക്ക് ശേഷം
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ടി.ഉത്തംദാസ് മുഖ്യാതിഥിയായി.

അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മൂലക്കണ്ടം,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.ബിന്ദു, പി.കെ മഞ്ജിഷ, മാടിക്കാല്‍ നാരായണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. കുഞ്ഞാമിന, ശ്രീവിദ്യ, എം വി .രാഘവന്‍ , കെ ഷിജി , രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായപി.വി. സുരേഷ്, രവീന്ദ്രന്‍ മാവുങ്കാല്‍, എ തമ്പാന്‍, ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നാരായണന്‍ ചൂരിത്തോട്,അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം പ്രസിഡന്റ് ടി. ഹരിഹരന്‍, അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ എം വി . നാരായണന്‍ പുല്ലൂര്‍, ക്ഷേത്രം കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം മടത്തനാട്ട് രാജന്‍, അഡ്‌ഹോക് കമ്മിറ്റി വനിതാ കണ്‍വീനര്‍ വത്സല ടീച്ചര്‍,കൃഷ്ണന്‍ കാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. എം.വി.നാരായണന്‍ കൊളവയല്‍ സ്വാഗതവും
പി. സജിത് കുമാര്‍ നന്ദിയും പറഞ്ഞു.

ആഘോഷ കമ്മിറ്റി ഭാരവാഹികളായി മടത്തനാട്ട് രാജന്‍ (ചെയര്‍മാന്‍), എം. വി.നാരായണന്‍ (ജനറല്‍ കണ്‍വീനര്‍), പി. സജിത് കുമാര്‍ (ട്രഷറര്‍).വര്‍ക്കിംഗ് ചെയര്‍മാന്‍മാരായി ടി . ഹരിഹരന്‍ വെള്ളിക്കോത്ത്, കുഞ്ഞിക്കണ്ണന്‍ അരയവളപ്പ്, എ.വി.സഞ്ജയന്‍, എം.ബാലന്‍ എന്നിവരെ തിരഞ്ഞെടുത്തു. മഹോത്സവത്തിന് മുന്നോടിയായുള്ള കൂവം അളക്കല്‍ചടങ്ങ് മാര്‍ച്ച് 22നും കലവറ നിറയ്ക്കല്‍ ഏപ്രില്‍ രണ്ടിനും നടക്കും. മഹോത്സവത്തില്‍ തറവാട്ട് കാരണവര്‍ അമ്പൂഞ്ഞ് ചൊട്ട ചൂട്ട് ഒപ്പിക്കല്‍ കര്‍മ്മം നിര്‍വഹിക്കും. രമേശന്‍ പാലായിയാണ് ഏറ്റുകാരന്‍. കണ്ടനാര്‍ കേളന്‍ ദൈവത്തിന്റെ കോലധാരി ശിവപ്രസാദ് പെരിയയും വയനാട്ടുകുല അവന്റെ കോലധാരി ശരത്ത് തെക്കുംകരയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *